സതീശൻ വനവാസത്തിന് പോകരുത്, രാഷ്ട്രീയത്തിൽ തുടരണം

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണെന്നും വോട്ടിംഗ് രീതി പരിശോധിക്കുമ്പോൾ എൽ ഡി എഫ് നയങ്ങൾക്ക് വലിയ ജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണവിരുദ്ധ തരംഗമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യു ഡി എഫും ബി ജെ പിയും വൻതോതിൽ പണമൊഴുക്കിയതായി എം വി ഗോവിന്ദൻ ആരോപിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ പണം, കിറ്റ്, സാരി എന്നിവ വിതരണം ചെയ്ത് വോട്ട് പിടിക്കാനാണ് ഇവർ ശ്രമിച്ചത്. പക്ഷേ അതുകൊണ്ടൊന്നും ഇടത് മുന്നണിയുടെ തുടർ ഭരണത്തെ തടയാൻ യു ഡി എഫിനോ എൻ ഡി എക്കോ സാധിക്കില്ലെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേർത്തു. യു ഡി എഫിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്നും ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



