അപ്രതീക്ഷിത നീക്കം; തലമുറ മാറ്റത്തിൻ്റെ സൂചന നൽകി ബിജെപി..

ബീഹാറിലെ മന്ത്രി നിതിൻ നബീനെ ദേശീയ വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ച് ബിജെപി പാർലമെൻ്ററി ബോർഡ്. പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ പിൻഗാമിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് വർക്കിംഗ് പ്രസിഡൻ്റിനെ നിയമിച്ചു കൊണ്ടുള്ള ബിജെപിയുടെ അപ്രതീക്ഷിത നീക്കം. അടുത്ത പാർട്ടി അദ്ധ്യക്ഷനായി നിതിൻ നബീൻ എത്താനാണ് സാധ്യത.

പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചർച്ചയിലും ഉയർന്ന് വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോൾ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റായി നിയോഗിച്ചിരിക്കുന്നത്. ബിജെപി പാർലമെൻ്ററി ബോർഡ് യോഗം ചേർന്നാണ് നിതിൻ നബീനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ നിശ്ചയിച്ചത്. നിലവിൽ ബീഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീൻ. 2019 ആദ്യം ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും എന്ന സൂചനയാണ് തീരുമാനം നൽകുന്നത്. വർക്കിംഗ് പ്രസിഡൻ്റായ നിതിൻ നബിൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത ഏറുകയാണ്. നാല്പത്തഞ്ചുകാരനായ നിതിൻ നബിനെ നിശ്ചയിച്ചത് വഴി യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള നയം കൂടി ബിജെപി പ്രകടമാക്കുകയാണ്.

Related Articles

Back to top button