നിമിഷപ്രിയയുടെ വധശിക്ഷ…കുടുംബം തീരുമാനിക്കട്ടെയെന്ന് ഹൂതി ഭരണകൂടം…
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. ദയാധനം അംഗീകരിക്കുന്നതിൽ കൊല്ലപ്പെട്ട യെമനി പൗരൻറെ കുടുംബം എടുക്കുന്ന അന്തിമ നിലപാട് നിർണ്ണായകമാകും. വധശിക്ഷ 16ന് നടപ്പാക്കാനാണ് നിലവിലെ തീരുമാനമെന്ന വിവരം സനയിലെ ഇന്ത്യൻ അധികൃതർക്കും കിട്ടി.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കേന്ദ്ര സർക്കാരിന് പരിമിതികളുണ്ടെന്ന് വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് നേരത്തെ പറഞ്ഞിരുന്നു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിന് മന്ത്രി നൽകിയ മറുപടി വലിയ ബഹളത്തിന് ഇടയാക്കിയിരുന്നു. വിഷയം ഇപ്പോഴും ഇതേ നിലയ്ക്ക് തുടരുന്നു എന്ന സൂചനയാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമനിലെ സനയിൽ ഇന്ത്യയ്ക്ക് ഒരു ഓഫീസാണ് ഇപ്പോഴുള്ളത്. നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് സൗദിയിൽ നിന്നാണ്. ദില്ലി ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് നിമിഷപ്രിയയുടെ അമ്മയ്ക്ക് സനയിലേക്ക് പോകാൻ കേന്ദ്രം സൗകര്യം ഒരുക്കിയിരുന്നു. കുടുംബവുമായും വിഷയത്തിൽ ഇടപെട്ട ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായും ചേർന്ന് സർക്കാരും മോചനത്തിനുള്ള വഴികൾ തേടിയിരുന്നു.



