നിമിഷ പ്രിയയുടെ മോചനം: തലാലിന്റെ കുടുംബത്തെ വീണ്ടും കണ്ടു.. ശുഭപ്രതീക്ഷയെന്ന് മധ്യസ്ഥ സംഘം..
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ശുഭപ്രതീക്ഷയുണ്ടെന്ന് മധ്യസ്ഥ സംഘം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ ഇന്നലെ വീണ്ടും കണ്ടുവെന്നും യെമനിലെ ഗോത്ര തലവന്മാരുമായി ചർച്ച നടത്തിയെന്നും മധ്യസ്ഥ സംഘം പറയുന്നു. തുടർ ചർച്ചകളിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ശുഭ പ്രതീക്ഷയുണ്ടെന്നും മധ്യസ്ഥ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വധശിക്ഷ ഒഴിവാക്കുന്നതിനെതിരെ തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായി വാർത്ത പുറത്തുവന്നിരുന്നു.
നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഇപ്പോൾ, ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരൻ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകൾക്കിടയിലാണ് അബ്ദുൽ ഫത്താഹ് മഹ്ദി മാപ്പ് നൽകില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല തരത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും തങ്ങൾ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രമാണെന്നും സഹോദരൻ വിശദീകരിച്ചു. സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈർഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു

