‘മകളുടെ ജീവൻ രക്ഷിക്കണം’.. ഗവർണർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് നിമിഷയുടെ അമ്മ…
യെമനിലുള്ള നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വീഡിയോ കോളിലൂടെ സംസാരിച്ചു. നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി തോമസുമായി തന്നെ സന്ദര്‍ശിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ ഫോണിലാണ് നിമിഷപ്രിയയുടെ അമ്മയുമായി ഗവര്‍ണര്‍ സംസാരിച്ചത്. ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവന്‍ രക്ഷിക്കണമെന്ന് അപേക്ഷിച്ചു.
പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവര്‍ണര്‍, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തിവരികയാണെന്നും അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ഈ പരിശ്രമങ്ങള്‍ക്കെല്ലാം ദൈവത്തിന്റെ സഹായമുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മന്‍ എംഎല്‍എയും അമ്മ മറിയാമ്മയും തന്നെ വന്നു കണ്ട കാര്യവും ഗവര്‍ണര്‍ പ്രേമകുമാരിയെ അറിയിച്ചു.
അതേസമയം നിമിഷപ്രിയയുടെ മോചനത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.