നിമിഷ പ്രിയയുടെ വധശിക്ഷ.. കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം…

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ അടക്കം പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ മധ്യസ്ഥ സംഘത്തെ അയക്കണമെന്ന ആക്ഷൻ കൗൺസിൽ നിർദ്ദേശമാണ് കേന്ദ്ര സർക്കാര്‍ തള്ളിയത്. ചർച്ച കുടുംബങ്ങൾക്കിടയിലാണ് നടക്കുന്നതെന്നാണ് കേന്ദ്ര സർക്കാറിന്‍റെ വാദം.

നിമിഷപ്രിയയുടെ വധശിക്ഷ താൽകാലികമായി നിർത്തിവെക്കുകയും എന്ന് നടപ്പാക്കുമെന്ന് തീയതി പ്രഖ്യാപിക്കാത്തതുമായ സാഹചര്യത്തിൽ മധ്യസ്ഥ ചർച്ചകൾക്കായി പ്രത്യേക പ്രതിനിധി സംഘത്തെ യമനിലേക്ക് അയക്കണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതിനിധി സംഘത്തിൽ ആറു പേർ ഉണ്ടായിരിക്കണമെന്നും ഇതിൽ കാന്തപുരം, വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ, ആക്ഷൻ കൗൺസിൽ എന്നിവയുടെ രണ്ടു വീതം പ്രതിനിധികൾ ഉണ്ടാകണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഇക്കാര്യം ആവശ്യപ്പെടാൻ കോടതി നിർദേശിച്ച പ്രകാരം പ്രതിനിധികളുടെ പേരുകൾ ഉൾപ്പെട്ട അപേക്ഷ ആക്ഷൻ കൗൺസിൽ കൈമാറുകയും ചെയ്തു. ഈ ആവശ്യമാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം തള്ളിയത്.

രണ്ട് കുടുംബങ്ങൾക്കിടയിലാണ് ചർച്ചകൾ നടക്കുന്നതെന്ന് ആക്ഷൻ കൗൺസിലിന് അയച്ച കത്തിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. അതിനാൽ പുതിയ മധ്യസ്ഥ സംഘത്തെ സൻഅയിലേക്ക് പോകേണ്ടതില്ല. നിലവിൽ സൻഅയിൽ ഭരണം നടത്തുന്ന വിഭാഗവുമായി ഇന്ത്യക്ക് നയതന്ത്രബന്ധമില്ല. സൻഅയിലെ ഇന്ത്യൻ എംബസി റിയാദിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ, വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന് സാധിക്കില്ല. യമനിലെ സുരക്ഷ കണക്കിലെടുത്താൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആക്ഷൻ കൗൺസിലിന് നൽകിയ കത്തിൽ കേന്ദ്രം വിശദീകരിക്കുന്നുണ്ട്.

Related Articles

Back to top button