‘ബലം പ്രയോഗിച്ച് നഗ്നനാക്കി യുവതിക്കൊപ്പമുള്ള ഫോട്ടോ എടുത്തു, ഭാര്യയ്ക്ക് അയച്ച് നൽകി.. യുവാവിൻ്റെ മരണത്തിൽ ഗുരുതര ആരോപണം…

യുവാവ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തിനെതിരെ ആരോപണവുമായി യുവാവിൻ്റെ കുടുംബം രം​ഗത്ത്. മരണത്തിനു പിന്നില്‍ ഹണി ട്രാപ്പാണെന്ന് കുടുംബം .അയല്‍വാസിയായ ഒരു സ്ത്രീയടക്കം നാലംഗ സംഘത്തിനെതിരെയാണ് കുടുംബത്തിൻ്റെ ആരോപണം. ജൂൺ 11 നാണ് നിലമ്പൂര്‍ പള്ളിക്കുത്തിൽ രതീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന പേരില്‍ സ്ത്രീ രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന് സഹോദരൻ രാജേഷ് പറഞ്ഞു. പിന്നീട് ബലം പ്രയോഗിച്ച് നഗ്നനാക്കി യുവതിക്കൊപ്പമുള്ള ഫോട്ടോ എടുത്തു. രണ്ട് ലക്ഷം രൂപ തന്നില്ലെങ്കില്‍ ഫോട്ടോ പുറത്തു വിട്ട് നാണം കെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പണം കൊടുക്കാൻ വിസമ്മതിച്ചതോടെ ഫോട്ടോ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കും സ്കൂള്‍ ഗ്രൂപ്പിലേക്കും അയച്ച് നാണം കെടുത്തി. ഇതാണ് സഹോദരൻ്റെ ആത്മഹത്യക്ക് കാരണമെന്ന് രാജേഷ് പറയുന്നു.

മകന്‍റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് രതീഷിന്‍റെ അമ്മ തങ്കമണിയും പ്രതികരിച്ചു. ഇനി മറച്ചുവെക്കാനില്ല കാര്യങ്ങളെന്നും എല്ലാവരും അറിയട്ടെയെന്നും അമ്മ പറഞ്ഞു. അതേസമയം, പൊലീസിനെതിരേയും കുടുംബം ആരോപണം ഉന്നയിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. രതീഷിന്‍റെ ഭാര്യയും അമ്മയും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് എടക്കര പൊലീസ് പ്രതികരിച്ചു.

Related Articles

Back to top button