സ്വരാജ് ഇന്ന് നിലമ്പൂരിലെത്തും…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ഇന്ന് മണ്ഡലത്തിലെത്തും. രാവിലെ 10.30 ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്വരാജിന് വലിയ സ്വീകരണമാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കുക. റെയില്‍വേ സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെയാകും സ്വരാജ് പാര്‍ട്ടി ഓഫീസില്‍ എത്തുക.

ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്‍റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ നിലമ്പൂരില്‍ നിന്ന് ചന്തക്കുന്ന് വരെ റോഡ് ഷോ നടത്തിയാണ് നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. രാവിലെ കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് വിജയപ്രതീക്ഷയും പങ്കുവെച്ചു.

Related Articles

Back to top button