നിലമ്പൂ‍ർ സ്ഥാനാർത്ഥിത്വം ചർച്ചയായി…മുൻതൂക്കം ആര്യാടൻ ഷൗക്കത്തിന്…

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് നടന്ന ചര്‍ച്ചയില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചത്. മലപ്പുറം ഡി സി സി പ്രസിഡന്‍റ് വി എസ് ജോയിയുടെ പേരും സജീവ പരിഗണനയിലാണ്.
കോഴക്കോട് ഡിസിസി ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇതിനിടയിലാണ് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ പി സി സിപ്രസിഡന്‍റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചര്‍ച്ചയുടെ ഭാഗമായി. നിലമ്പൂരില്‍ നേരത്തെ മത്സരിച്ച പരിചയും ആര്യാടന്‍ മുഹമ്മദിൻ്റെ മകനെന്ന പൊതുസമ്മതിയും അനുകൂല ഘടകമാണെന്ന് അഭിപ്രായമുര്‍ന്നു. വിഎസ് ജോയ് ചെറുപ്പമായതിനാല്‍ അവസരങ്ങൾ ഇനിയും ഏറെയുണ്ടെന്ന അഭിപ്രായമാണ് ഒരു വിഭാഗം നേതാക്കള്‍ സ്വീകരിച്ചത്.

മുനമ്പം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ക്രൈസ്തവ സഭകളുമായുള്ള ഭിന്നത തുടരുകയാണ്. ഈ സാഹചര്യത്തിൽ ജോയിയെ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും യോഗത്തിലുണ്ടായി. വിജയസാധ്യത തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രഥമ പരിഗണനയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും യോഗം വിലയിരുത്തി. നിലമ്പൂരില്‍ പി വി അന്‍വറിന്‍റെ പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.

Related Articles

Back to top button