നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാവ് വീഡി സതീശന് നിർണായകം..തോറ്റാൽ പാ‍ർട്ടിയിൽ ഒറ്റപ്പെടും, ജയിച്ചാൽ…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഏറ്റവും നിര്‍ണായകം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യുഡിഎഫ് പരാജയപ്പെട്ടാല്‍ പി.വി അന്‍വറിനെതിരായ രാഷ്ട്രീയ നിലപാട് ഉള്‍പ്പടെ പാ‍ർട്ടിക്കും മുന്നണിക്കുമുള്ളിൽ വിമര്‍ശന വിധേയമാകും. ജയിച്ചാല്‍ പാര്‍ട്ടിയിലും മുന്നണിയിലും അതിശക്തനായ നേതാവായി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ഊര്‍ജമാകും സതീശന് ലഭിക്കുക

തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ തോറ്റാൽ ഉത്തരവാദിത്തം തനിക്കെന്ന് വിഡി സതീശൻ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. മൂന്നും യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായിരുന്നു. എന്നാല്‍ നിലമ്പൂര്‍ യുഡിഎഫിന് മേൽക്കൈയുണ്ടെങ്കിലും ഇരുമുന്നണികളെയും ജയിപ്പിച്ച മണ്ഡലമാണ്. അനുകൂല രാഷ്ട്രീയ സാഹചര്യം വോട്ടായി മാറിയില്ലെങ്കിൽ മുന്നണിയാകെ പതറും. പി.വി അന്‍വറിനോട് സ്വീകരിച്ച നിലപാടിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ വിഡി സതീശൻ ഒറ്റപ്പെടും. പ്രതിപക്ഷനേതാവ് മാറണമെന്ന മുറവിളി മുന്നണിയിലും ഉയര്‍ന്നേക്കും. മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പരാജയമുണ്ടായാല്‍ അതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന പതിവ് പ്രതികരണം നിലമ്പൂരിൽ പ്രതിപക്ഷനേതാവ് ഇതുവരെ നടത്തിയിട്ടുമില്ല.

നിലമ്പൂരില്‍ യുഡിഎഫിന് വിജയമുണ്ടായാൽ അതിൻ്റെ എല്ലാ ക്രെഡിറ്റും വി.ഡി സതീശനായിരിക്കും. പാര്‍ട്ടിയില്‍ അജയ്യനായി സതീശൻ മാറും. ആരാണ് യുഡിഎഫിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന ചോദ്യത്തിന് പോലും പിന്നെ പ്രസക്തിയില്ലാതാകും. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താല്‍ ഒമ്പതു വര്‍ഷമായി പ്രതിപക്ഷത്ത് തുടരുന്ന മുന്നണിക്ക് ഭരണം നേടാനുള്ള സാധ്യത കൂടിയാവും അത് തുറക്കുക. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഊര്‍ജമേറും

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുധാകരന്‍ മാറിയതോടെ പാര്‍ട്ടിയില്‍ വിഡി സതീശന് ഇഷ്ടമുള്ളൊരു ടീമിനെയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പുനഃസംഘടനയിലൂടെ അത് വിപുലപ്പെടുത്താനാവും. അടുത്ത വര്‍ഷം ആദ്യം കേരള പര്യടനത്തോടെ രാഷ്ട്രീയ ഊര്‍ജം കൈവരിച്ച് കുതിച്ചുപായാനാവും വിഡി സതീശൻ പിന്നീട് പരിശ്രമിക്കുക. ചുരുക്കത്തില്‍ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്താണ് സ്ഥാനാര്‍ഥിയെങ്കിലും ജയപരാജയങ്ങളിൽ പ്രതിപക്ഷ നേതാവിൻ്റെ രാഷ്ട്രീയഭാവിയാണ് തീരുമാനിക്കപ്പെടുക

Related Articles

Back to top button