‘നിലമ്പൂരില്‍ തോറ്റാല്‍ എന്റെ അവസ്ഥ എന്തായേനേ?’…
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിനെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നതിനിടെ, പാര്‍ട്ടി തോറ്റാല്‍ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഐസിസി നേതാക്കാളായ കെസി വേണുഗോപാലിന്റെയും ദീപ ദാസ് മുന്‍ഷിയുടെയും സാന്നിധ്യത്തില്‍, രാഷ്ട്രീയകാര്യ സമിതി യോഗത്തിലായിരുന്നു സതീശന്റെ തുറന്നുപറച്ചില്‍. ‘ഉപതെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടിയെ സംബന്ധിച്ച് നല്ലതും നേട്ടവുമാണ്. എന്നാല്‍ നിലമ്പൂരില്‍ നേരെ മറിച്ച് എന്തെങ്കിലുമായിരുന്നു സംഭവിച്ചിരുന്നെങ്കില്‍, എനിക്ക് എന്താണ് ഉണ്ടാവുകയെന്നത് അറിയാമായിരുന്നു.’ സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ ക്യാപ്റ്റന്‍ – മേജര്‍ വിഷയവും ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. ഇത്തരം പ്രവണതകള്‍ പാര്‍ട്ടിയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് ടിഎന്‍ പ്രതാപനും ഷാനി മോള്‍ ഉസ്മാനും പറഞ്ഞു. നേതാക്കളെ ക്യാപ്റ്റനും മേജറും ഉപയോഗിച്ച് വിശേഷിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നല്ലതല്ലെന്ന് അവര്‍ പറഞ്ഞു. ‘എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകേണ്ട സമയമാണിത്. ആ സമയത്ത് നേതാക്കളെ കുറിച്ച് ഇത്തരത്തിലുള്ള വിശേഷണങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് കാരണമാകും,’ ഇരുവരും പറഞ്ഞു. ഈ അഭിപ്രായത്തോട് മറ്റുനേതാക്കളും പിന്തുണ അറിയിച്ചു.