നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്.. പ്രിയങ്കഗാന്ധിയുടെ പ്രചാരണം മാറ്റി.. പകരം…
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികൾ മാറ്റിവച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പ്രിയങ്കയുടെ പ്രചാരണ പരിപാടി ഞായറാഴ്ചയിലേക്കാണ് മാറ്റിയത്. യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി നിലമ്പൂരിൽ എത്താനിരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.
ഇതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം സെക്രട്ടേറിയറ്റംഗവുമായ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്ന് ദിവസം നിലമ്പൂരിലുണ്ടാകും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചയാത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 13ന് ചുങ്കത്തറ, മുത്തേടം പഞ്ചായത്തുകളിലും 14 ന് വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലും 15 ന് പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ നടക്കുക.