നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്.. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജ് എത്തില്ല.. പകരം പരിഗണനയിൽ…
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം. സ്വരാജ് എത്തില്ല. തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് എന്നിവര്‍ പട്ടികയില്‍. മൂന്നാമതൊരാളെ കൂടി പരിഗണിക്കുന്നതായും സൂചനയുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്തപ്പോള്‍ മുതല്‍ ഉയരുന്ന പേരാണ് എം സ്വരാജിന്റേത്. മണ്ഡലത്തില്‍ ജനിച്ചു വളര്‍ന്ന ആളെന്ന നിലയിലാണ് പ്രധാനമായും പേര് ഉയര്‍ന്നു വന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയോട് ശക്തമായി എതിരിടാന്‍ കഴിയുന്നയാളാകണം സ്ഥാനാര്‍ഥിയെന്ന വികാരവും സ്വരാജിന്റെ പേര് ഉയര്‍ന്നു വരാന്‍ കാരണമായിരുന്നു. എന്നാല്‍ എം സ്വരാജിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. മണ്ഡലത്തിന്റെ പ്രധാനപ്പെട്ട ചുമതലക്കാരനാണ് എന്നതാണ് കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്.
അതേസമയം നാളെ രാവിലെ 10 മണിയോടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. ഈ യോഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്തിമ ധാരണയാകുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കുന്നു. ഉച്ചയ്ക്ക് ശേഷം 3.30ന് എല്‍ഡിഎഫ് നേതൃയോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷമായിരിക്കും സിപിഐഎം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.