നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്…പരാജയത്തില്‍ പ്രതികരിച്ച് എം സ്വരാജ്….
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാന്‍ എല്‍ഡിഎഫിനായി. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. ജനങ്ങള്‍ പരിഗണിച്ചോയെന്ന് സംശയമുണ്ട്.
അനുഭവ പാഠത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും എം സ്വരാജ് പ്രതികരിച്ചു. മണ്ഡലത്തില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച സ്വരാജ് അദ്ദേഹത്തിന് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാവട്ടെയെന്നും ആശംസിച്ചു.
‘ഫലം സൂഷ്മമായി പരിശോധിക്കും. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. ഭരണത്തിന്റെ വിലയിരുത്തലാണ് തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല. ഉള്‍ക്കൊണ്ട പാഠത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകും. തിരിച്ചടിയുണ്ടായി. പ്രതീക്ഷയ്ക്കനുസരിച്ച് ഉയര്‍ന്നില്ലെന്നത് യാഥാര്‍ത്ഥ്യം.
വിവാദങ്ങള്‍ക്ക് പിടികൊടുത്തില്ല. ഒരു വര്‍ഗീയവാദിയുടേയും വോട്ട് തേടിയിട്ടി’ല്ലെന്നായിരുന്നു എം സ്വരാജിൻ്റെ പ്രതികരണം. സ്വന്തം പഞ്ചായത്തില്‍ പിന്നില്‍ പോയതിനോടും എം സ്വരാജ് പ്രതികരിച്ചു. ഇത്തരം ആരോപണങ്ങളിലൊന്നും കാര്യമില്ല. രാഹുല്‍ ഗാന്ധി ജന്മനാട്ടില്‍ തോറ്റിട്ടല്ലേ ഇവിടെ വന്ന് ജയിച്ചത്. അങ്ങനെയുള്ള വാദങ്ങളെല്ലാം അരാഷ്ട്രീയമാണെന്നും എം സ്വരാജ് പറഞ്ഞു.