താര പ്രചാരകരുടെ പട്ടികയില്‍ തരൂർ എട്ടാമന്‍.. നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്..
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂര്‍.
കോൺഗ്രസ് നേതൃത്വവുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ശശി തരൂർ തുറന്നടിച്ചത്. നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്നാണ് തരൂർ മാധ്യമങ്ങളോട് പറഞ്ഞത്. വോട്ടെടുപ്പ് ദിവസം കൂടുതൽ പറഞ്ഞ് പാർട്ടിയെ പ്രതിസന്ധിയിൽ ആകുന്നില്ലെന്നും തനിക്ക് മുഖ്യം രാജ്യത്തിന്റെ താല്പര്യമാണെന്നും തരൂർ പറഞ്ഞു. പോളിംഗ് അവസാനിച്ചതിന് ശേഷം കൂടുതൽ തുറന്നുപറയുമെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരു നേതാവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം ക്ഷണിക്കാറില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസിനോട് കൂറുള്ള നേതാക്കള്‍ നിലമ്പൂരില്‍ പ്രചാരണത്തിന് വന്നിട്ടുണ്ടെന്നും, പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമല്ല നടക്കുന്നതെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം. തരൂരിന്റെ ശരീരം കോൺഗ്രസിലും കൂറ് മോദിയോടുമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു