നിലമ്പൂരിൽ സി.പി.എം വോട്ട് യു.ഡി.എഫിന് ലഭിക്കും.. കോൺഗ്രസിൽ നിന്ന് സ്ഥാനാർഥിയെ കിട്ടുമെന്ന ആശ വേണ്ട…
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പ്രവർത്തകരടക്കം യു.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് ഏകോപന ചുമതല വഹിക്കുന്ന എ.പി. അനിൽ കുമാർ എം.എൽ.എ. കോൺഗ്രസിൽ നിന്ന് സി.പി.എമ്മിന് സ്ഥാനാർഥിയെ ലഭിക്കുമെന്ന ആശ വേണ്ടെന്നും അനിൽ കുമാർ വ്യക്തമാക്കി. നിലമ്പൂരിൽ എൽ.ഡി.എഫിന് സ്ഥാനാർഥി പോലും ഇല്ലാത്ത അവസ്ഥയാണ്. സ്ഥാനാർഥിയെ കണ്ടെത്താൻ ഇതുവരെ സാധിക്കാത്തത് സി.പി.എം എത്രമാത്രം പിറകിലാണെന്നതിന്റെ തെളിവാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ആവേശം ഇപ്പോൾ തന്നെയുണ്ട്.
പഞ്ചായത്തുതല കൺവെൻഷനുകൾ യു.ഡി.എഫ് പൂർത്തിയാക്കിയെന്നും അനിൽ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി വന്ന് കഴിഞ്ഞാൽ ഉടൻ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും.കെ.പി.സി.സി ചർച്ച ചെയ്ത് തീരുമാനിക്കുന്ന സ്ഥാനാർഥികളുടെ പേരുകൾ ഹൈക്കമാൻഡിന് കൈമാറും. ഹൈക്കമാൻഡ് ആണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇടത് സർക്കാറിനെതിരായ വിലയിരുത്തലാവും ഉപതെരഞ്ഞെടുപ്പ് എന്നും അദ്ദേഹം പറഞ്ഞു.