നിമിഷപ്രിയയുടെ മോചനം…നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം…

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. സുഹൃദ് രാജ്യങ്ങളുടെ ഇടപെടലിന് ശ്രമിക്കുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്കുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘ഇതൊരു സെന്‍സിറ്റീവ് വിഷയമാണ്. കേസില്‍ ഇന്ത്യാ ഗവണ്‍മെന്റ് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കാന്‍ ഞങ്ങള്‍ നിയമസഹായം നല്‍കുകയും അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ കൂടുതല്‍ സമയം തേടുന്നതിനുളള ശ്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2025 ജൂലൈ 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. ഞങ്ങള്‍ വിഷയം സൂഷ്മമായി നിരീക്ഷിക്കുകയും സാധ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നുണ്ട്. ചില സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.’- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Back to top button