സമസ്തയുടെ പൊതുവേദികളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചെന്ന വാർത്ത അടിസ്ഥാന രഹിതം, പിന്നിൽ മുൻകാല ചരിത്രം അറിയാത്തവർ

പൊതുവേദികളിൽ ആദ്യമായി സ്ത്രീകളെ പ്രവേശിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത. സമസ്തയുടെ സമ്മേളനങ്ങളുടെ ഭാഗമായി എക്‌സിബിഷൻ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായി സ്ത്രീകൾ വന്ന് കാണാറുണ്ടെന്നും എസ്‌കെഎസ്എസ്എഫ് മുൻ ജനറൽ സെക്രട്ടറി സത്താർ പന്തലൂർ പ്രതികരിച്ചു.
ഇതൊരു പുതിയ സംഗതിയല്ല. 1999ലാണ് കുറ്റിപ്പുറത്ത് സമസ്തയുടെ വലിയ സമ്മേളനം നടന്നത്. എസ്‌കെഎസ്എസ്എഫിന്റെ പത്താം വാര്‍ഷിക സമ്മേളനമായിരുന്നു അത്. അന്നിതുപോലെ പത്ത് ദിവസത്തെ സമ്മേളനത്തില്‍ മൂന്ന് ദിവസം സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു മാറ്റിവെച്ചിരുന്നത്. സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളിലും ഇതുപോലെ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സെക്ഷനുകളും ഉണ്ടാകാറുണ്ട്. ഇതൊരു ആദ്യത്തെ സംഭവം പോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്ത ശരിയല്ല.
മുന്‍കാല ചരിത്രം അറിയാത്ത ആരെങ്കിലുമായിരിക്കും ഈ വാര്‍ത്ത കൊടുത്തത്. സ്ത്രീകള്‍ പങ്കെടുക്കുന്ന വേദികള്‍ ഉണ്ടാകാറുണ്ട്. സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സെഷനുകള്‍ നടത്താറുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ ഉള്‍പ്പെടുന്ന പൊതുവേദികളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ സമസ്തയ്ക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നും സത്താര്‍ പന്തലൂര്‍ പറഞ്ഞു.


