ഓണാഘോഷത്തിനെതിരായ അധ്യാപികയുടെ വര്‍ഗീയ പരാമര്‍ശം; അധ്യാപികമാർക്ക് സസ്പെൻഷൻ

ഓണാഘോഷ പരിപാടികൾ സ്‌കൂളില്‍ വേണ്ടെന്നും ആഘോഷത്തില്‍ ഇസ്ലാം മതത്തില്‍പ്പെട്ട കുട്ടികൾ പങ്കെടുക്കരുതെന്നും വാട്സ്പ്പ് ഗ്രൂപ്പിലൂടെ രക്ഷിതാക്കള്‍ക്ക് ഓഡിയോ സന്ദേശം അയച്ച സംഭവത്തിൽ അധ്യാപികമാർക്ക് സസ്പെൻഷൻ. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ രണ്ട് അധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐയുടെ പരാതിയിലായിരുന്നു നടപടി.

ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും മുസ്ലിങ്ങള്‍ ഇതില്‍ പങ്കാളികളാകരുതെന്നും ആവശ്യപ്പെട്ടാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണ ഓണം ആഘോഷിക്കേണ്ടതില്ല. ഓണം ഇതരമതസ്ഥരുടെ ആഘോഷമായതിനാല്‍ ഇസ്ലാം മതവിശ്വാസികള്‍ അതിനോട് സഹകരിക്കരുത്. നമ്മള്‍ മുസ്ലിങ്ങള്‍ ഇസ്ലാം മതത്തെ മുറുകെപ്പിടിച്ച് ജീവിക്കേണ്ടവരാണ് തുടങ്ങിയ കാര്യങ്ങളും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങളാണ് അധ്യാപിക രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്.

വിവിധ മതവിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ആഘോഷത്തില്‍ കൂടിയാല്‍ ഉണ്ടാകുന്ന ഗൗരവം കുട്ടികള്‍ക്ക് അറിയില്ല. അതുകൊണ്ടുതന്നെ കുട്ടികളെ രക്ഷിതാക്കള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. മറ്റൊരധ്യാപികയുടെ ഇത്തരം ഒരു ശബ്ദ സന്ദേശം രക്ഷിതാക്കള്‍ക്ക് അയച്ചിട്ടുണ്ട്. അതേസമയം സ്കൂളിൽ ഓണാഘോഷം നാളെ നടത്തുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ടീച്ചര്‍മാര്‍ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത് എന്നും സ്‌കൂളിന്റെ നിലപാടല്ല എന്നും പ്രിന്‍സിപ്പാള്‍ വിശദീകരിച്ചിരുന്നു.

Related Articles

Back to top button