വെള്ളിക്ക് പൊന്നുംവില; റെക്കോര്‍ഡ് കുതിപ്പിന് ശേഷം..
സ്വര്‍ണ്ണവിലയെ വെല്ലുന്ന കുതിപ്പാണ് കഴിഞ്ഞ ഒരു വര്‍ഷമായി വെള്ളി വിപണിയില്‍ ദൃശ്യമാകുന്നത്. 2026 ജനുവരി 8-ന് കിലോയ്ക്ക് 2,59,692 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ എത്തിയ വെള്ളി വിലയില്‍ പിന്നീട് അല്പം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ കിലോയ്ക്ക് 2,43,324 രൂപയാണ് വില. ഏകദേശം 6.3 ശതമാനത്തിന്റെ കുറവുണ്ടായെങ്കിലും, കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ നിക്ഷേപകര്‍ക്ക് 200 ശതമാനത്തോളം ആദായമാണ് വെള്ളി നല്‍കിയിരിക്കുന്നത്.
വില കുതിച്ചുയരുമ്പോള്‍ വിപണിയിലെ അവസരം നഷ്ടപ്പെടുമോ എന്ന ഭയം കാരണം പലരും തിടുക്കത്തില്‍ നിക്ഷേപം നടത്താറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സില്‍വര്‍ ഇടിഎഫുകളില്‍ പണം മുടക്കുന്നത് സുരക്ഷിതമാണോ? വിപണിയിലെ പ്രവണതകളും വിദഗ്ധരുടെ നിരീക്ഷണങ്ങളും പരിശോധിക്കാം.
എന്തുകൊണ്ട് വെള്ളി വില കുതിക്കുന്നു? ആഭരണം എന്നതിലുപരി ഒരു വ്യാവസായിക ലോഹം എന്ന നിലയിലാണ് വെള്ളിയുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത്. വൈദ്യുതി കടത്തിവിടാനുള്ള ശേഷിയും തുരുമ്പിനെ പ്രതിരോധിക്കാനുള്ള കഴിവുമാണ് വെള്ളിയെ പ്രിയങ്കരമാക്കുന്നത്.
