വയനാട് ദുരന്തബാധിതർക്കുള്ള അനുയോജ്യമായ ഭൂമി കണ്ടെത്തി; യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകൾ ഉടൻ നിർമ്മിക്കും

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഒ.ജെ. ജനീഷ് അറിയിച്ചു. പദ്ധതിക്കായി അനുയോജ്യമായ ഭൂമി കണ്ടെത്തിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ നിർമ്മിക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാകും യൂത്ത് കോൺഗ്രസിന്റെ 30 വീടുകളും പണിതുയർത്തുക. സർക്കാരിന്റെ നിസ്സഹകരണം മൂലമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ഇത്രയും വൈകാൻ കാരണമായതെന്നും ജനീഷ് ചൂണ്ടിക്കാട്ടി.

വയനാടിന്റെ പ്രത്യേക ഭൂമിശാസ്ത്രപരമായ സാഹചര്യത്തിൽ, നിർമ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏറ്റെടുക്കാൻ ഉദ്ദേശിച്ച പല ഭൂമികൾക്കും തോട്ടഭൂമിയുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ ഉണ്ടായിരുന്നു. കോൺഗ്രസും യൂത്ത് കോൺഗ്രസും ചേർന്ന് പത്തിലധികം ഭൂമികൾ ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും നിയമപരമായ തടസ്സങ്ങൾ തിരിച്ചടിയായി. മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതി മുടക്കാൻ നിയമപരമായ പ്രശ്‌നങ്ങൾ ഉയർത്തിയവർ ഈ പദ്ധതിക്കെതിരെയും രംഗത്തെത്താൻ സാധ്യതയുള്ളതിനാൽ, നിയമതടസ്സങ്ങളില്ലാത്ത ഭൂമി തന്നെ ഉറപ്പുവരുത്തിയാണ് ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ടെത്തിയ ഭൂമി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും ഒ.ജെ. ജനീഷ് കൂട്ടിച്ചേർത്തു.

Related Articles

Back to top button