വിയ്യൂർ ജയിൽച്ചാടിയ കുപ്രസിദ്ധ കുറ്റവാളി ബലമുരുകന്റെ ഭാര്യ ജീവനൊടുക്കി; മക്കൾ ചികിത്സയിൽ

വിയ്യൂൽ സെൻട്രൽ ജയിലിലേക്ക് എത്തിക്കവെ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ മരിച്ചു. തെങ്കാശി സ്വദേശി ജോസ്ബിൻ (35) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോസ്ബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കളുമൊത്താണ് ജോസ്ബിൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ രണ്ടുപേരും ചികിത്സയിൽ കഴിയുകയാണ്. തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ജോസ്ബിന്റെ മൃതദേഹം. ബന്ധുക്കൾ ഏറ്റുവാങ്ങിയിട്ടില്ല. പോലീസ് അനുമതി നൽകുന്നില്ലെന്ന ആക്ഷേപവും ഉണ്ട്.

നവംബർ രണ്ടിനാണ് വിയ്യൂർ സെൻട്രൽ ജയിൽ കവാടത്തിൽ വെച്ച് പോലീസിന്റെ കണ്ണുവെട്ടിച്ച് ബാലമുരുകൻ രക്ഷപ്പെട്ടത്. കേരള പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഡിസംബർ അഞ്ചിന് ഭാര്യയേയും മക്കളേയും കാണാൻ തമിഴ്‌നാട്ടിലെ തെങ്കാശി കടയത്തുമലയ്ക്കടുത്തുള്ള വീട്ടിലെത്തുന്നതിനിടെ ബാലമുരുകനെ പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായിരുന്നില്ല.

രാത്രിയായതിനാലും മഴയുള്ളതിനാലും ബാലമുരുകനെ പിടികൂടുക ശ്രമകരമായിരുന്നു. തമിഴ്‌നാട് പോലീസിലെ അമ്പതോളം പേർ പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലമുരുകൻ മലകയറി ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടാനായി കടയത്തുമലയിലൂടെ ഓടുന്നതിനിടെ ബാലമുരുകൻ മലയിടുക്കിൽ വീണെന്നും സംശയം ഉണ്ട്. കണ്ടെത്താനായി പോലീസ് സംഘം ശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല.
മൃതദേഹം ഏറ്റുവാങ്ങാൻ ബാലമുരുകൻ എത്തിയാൽ പിടികൂടാൻ ആശുപത്രിയിൽ കാത്തുനിൽക്കുകയാണ് തമിഴ്നാട് പോലീസ്.

Related Articles

Back to top button