ഇല്ലാത്ത മീനിനും അവധിയിലുള്ള സഹപ്രവർത്തകൻറെ പേരിലും വൗച്ചർ; വിഴിഞ്ഞം സീ ഫുഡ് റസ്റ്റോറൻ്റിലെ തട്ടിപ്പ് പുറത്ത്!

തലസ്ഥാന നഗരിയിലെ പ്രമുഖ സീ ഫുഡ് റസ്റ്റോറൻ്റിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുൻ മാനേജർ അറസ്റ്റിലായി. തലശ്ശേരി സ്വദേശിയായ മുഹമ്മദ് ദിൽഷാദ് (30) നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള റസ്റ്റോറൻ്റിൽ മാനേജരായി ജോലി ചെയ്യവെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അവധിയിൽ പോയ ജീവനക്കാരൻ്റെ പേരിൽ വ്യാജമായി ശമ്പള തുക എഴുതിയെടുത്ത് വൗച്ചറുകൾ ഉണ്ടാക്കി പണം കൈക്കലാക്കി. ഇതുകൂടാതെ, റസ്റ്റോറൻ്റിനായി മത്സ്യം എത്തിക്കുന്ന കച്ചവടക്കാർക്ക് നൽകിയ തുക പെരുപ്പിച്ച് കാണിച്ച് വ്യാജ വൗച്ചറുകൾ ഉണ്ടാക്കിയും ഇയാൾ തിരിമറി നടത്തി. ഏകദേശം ഒന്നര വർഷക്കാലയളവിൽ (2024 ജനുവരി മുതൽ 2025 ജൂൺ വരെ) ഇയാൾ 9 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
തട്ടിപ്പ് വെളിച്ചത്തായതോടെ ഒളിവിൽ പോയ പ്രതിയെ വിഴിഞ്ഞം പൊലീസ് വിദഗ്ധമായി പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശ്, എസ്.ഐ മാരായ ദിനേശ്, പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒ മാരായ സ്റ്റെഫിൻ ജോൺ, റെജിൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.




