വിഴിഞ്ഞം സൗത്ത് ഇന്ത്യൻ ബാങ്കിൽ ഇ-മെയിൽ ബോംബ് ഭീഷണി..

തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിൽ വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ബാങ്കിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്ക് ഭീഷണി സന്ദേശമെത്തിയത്.
രാവിലെ 10 മണിക്ക് ബാങ്ക് പ്രവർത്തനം ആരംഭിച്ച ശേഷം മാനേജരാണ് ഇ-മെയിൽ ശ്രദ്ധിച്ചത്. ഉടൻതന്നെ ജീവനക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. സുനീഷ് ഗോപിയുടെ നേതൃത്വത്തിൽ പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തിയത്. രാവിലെ 10.30-ന് ബാങ്ക് പൊട്ടിത്തെറിക്കുമെന്നും ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഉടൻ ഒഴിഞ്ഞുപോകണമെന്നുമായിരുന്നു സന്ദേശത്തിലെ പ്രധാന ആവശ്യം.
ബാങ്ക് അധികൃതർ നൽകുന്ന വിവരമനുസരിച്ച്, തമിഴ്നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള പരാമർശങ്ങളും എൽ.ടി.ടി.ഇ.യെക്കുറിച്ചുള്ള സൂചനകളും ഉൾപ്പെടെ പരസ്പരബന്ധമില്ലാത്ത നിരവധി കാര്യങ്ങൾ സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബാങ്കിന് മുകളിൽ തുറമുഖത്തേക്ക് ചരക്കുനീക്കം നടത്തുന്ന ഷിപ്പിങ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നതിനാലും, ആ കെട്ടിടത്തിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



