കൈ നഷ്ടപ്പെട്ട വേദന കൊതുക് കടിയേക്കാൾ വലുതാണ്; വീണാ ജോർജിനെതിരെ ആഞ്ഞടിച്ച് വിനോദിനിയുടെ അമ്മ

ചികിത്സാ പിഴവിനെത്തുടർന്ന് കൈ നഷ്ടപ്പെട്ട വിനോദിനിയുടെ അമ്മ പ്രസീത, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. കണ്ണൂരിലുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രിയുടെ ചിത്രവും കൈ നഷ്ടപ്പെട്ട സ്വന്തം മകളുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് അമ്മയുടെ വൈകാരികമായ പ്രതികരണം.
വിനോദിനിയുടെ അമ്മ പ്രസീത വാട്സ്അപ്പ് സ്റ്റാറ്റസിലൂടെയാണ് ആരോഗ്യമന്ത്രിയെ വിമർശിച്ചിരിക്കുന്നത്. മന്ത്രിയുടെ കൈയിലെ മുറിവിൻ്റെ ഫോട്ടോയും മന്ത്രിയുടെ അനാസ്ഥമൂലം കൈമുറിച്ചു മാറ്റിയ വിനോദിനിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. സെപ്റ്റംബർ 30നാണ് കൈ ഒടിഞ്ഞതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന സ്വദേശിയായ വിനോദിനി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, ചികിത്സാ പിഴവിനെ തുടർന്ന് കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റേണ്ടി വരികയായിരുന്നു.
ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ അറിയിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം 5 പേരെയാണ് അറസ്റ്റ് ചെയ്തത്. മന്ത്രിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധം നടക്കുകയാണ്.



