ബോളിവുഡ് സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

ബോളിവുഡ് ചലച്ചിത്ര സംവിധായകൻ വിക്രം ഭട്ടിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. അന്തരിച്ച ഭാര്യയുടെ ജീവിതകഥ സിനിമയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 30 കോടി രൂപ തട്ടിയെടുത്തു എന്നാരോപിച്ച് ഒരു ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിക്രം ഭട്ട്, ഭാര്യ ശ്വേതാംബരി ഭട്ട്, ഇവരുടെ മകൾ കൃഷ്ണ ഉൾപ്പെടെ മറ്റ് ആറ് പേർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
രാജസ്ഥാൻ പോലീസും മുംബൈ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് വിക്രം ഭട്ടിനെ ഭാര്യയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം, പ്രതിയെ ഉദയ്പുരിലേക്ക് കൊണ്ടുപോകുന്നതിനായി രാജസ്ഥാൻ പോലീസ് ബാന്ദ്ര കോടതിയിൽ ട്രാൻസിറ്റ് റിമാൻഡ് അപേക്ഷ നൽകും.
ഇന്ദിരാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനായ ഡോ. അജയ് മുർദിയയാണ് പരാതിക്കാരൻ. തന്റെ പരേതയായ ഭാര്യയുടെ ജീവചരിത്രം സിനിമയാക്കി നൽകാം എന്ന് പറഞ്ഞ് വിക്രം ഭട്ടും സംഘവും 30 കോടി രൂപ കൈക്കലാക്കിയെന്നാണ് ഡോ. മുർദിയയുടെ ആരോപണം. ഈ ഇടപാടിലൂടെ 200 കോടി രൂപയുടെ ലാഭം വാഗ്ദാനം ചെയ്തിരുന്നതായും പരാതിയിൽ പറയുന്നു. ഒരാഴ്ച മുൻപാണ് ഉദയ്പുർ പോലീസ് വിക്രം ഭട്ടിനും മറ്റ് പ്രതികൾക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.




