കരൂർ ദുരന്തം; വിജയ്ക്കെതിരെ പോസ്റ്റർ ഒട്ടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി..
കരൂർ ജില്ലയിലുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് നടൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ച യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാഗപട്ടണം സ്വദേശിയായ ഭരത്രാജിനെ (20) പ്രദേശത്തെ ഒരു ഷെഡ്ഡിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഭരത്രാജ് പ്രതാപരാമപുരം ഗ്രാമത്തിലെ പ്രധാന ചുമരുകളിൽ വിജയ്ക്കെതിരെ ശക്തമായ ഭാഷയിലുള്ള പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു. ഈ സമയത്ത് സ്ഥലത്തെത്തിയ ടിവികെ പ്രവർത്തകരുമായി ഭരത്രാജ് വാക്കേറ്റമുണ്ടായി. ടിവികെ പ്രവർത്തകർ യുവാവിനെ ഭീഷണിപ്പെടുത്തുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഭീഷണിയെ തുടർന്ന് ഭരത്രാജ് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭരത്രാജ് ഡിഎംകെ പ്രവർത്തകനാണ്.
യുവാവിന്റെ മരണം ആത്മഹത്യയാണെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ, വീഡിയോ പകർത്തി പ്രചരിപ്പിച്ച ടിവികെ പ്രാദേശിക ഭാരവാഹികൾ ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.
അതിനിടെ, കരൂർ ദുരന്തത്തെ ബിജെപി രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടായ സമാനമായതോ ഇതിനേക്കാൾ മോശമായതോ ആയ ദുരന്തങ്ങളിൽ മൗനം പാലിച്ച ബിജെപി, കരൂർ ദുരന്തത്തിനു പിന്നാലെ വേഗത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.