അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂർ ജോയിൻ്റ് ആർ.ടി.ഒയുടെ ഓഫീസിലും വീടുകളിലും വിജിലൻസ് മിന്നൽ പരിശോധന

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതികളെത്തുടർന്ന് നിലമ്പൂർ ജോയിൻ്റ് ആർ.ടി.ഒ പി.എച്ച്. ദിലീപിൻ്റെ ഓഫീസിലും വസതികളിലും വിജിലൻസ് റെയ്ഡ് നടത്തി. കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച റെയ്ഡ് വൈകുന്നേരം വരെ നീണ്ടുനിന്നു.
നിലമ്പൂരിലെ ജോയിൻ്റ് ആർ.ടി.ഒ ഓഫീസ്, ഉദ്യോഗസ്ഥൻ്റെ നിലമ്പൂരിലെയും കോഴിക്കോട്ടെയും വീടുകൾ, അദ്ദേഹത്തിൻ്റെ ഭാര്യവീട് എന്നിവിടങ്ങളിൽ ഒരേസമയമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള നിർണ്ണായക രേഖകൾ വിജിലൻസ് കസ്റ്റഡിയിലെടുത്തു. ദിലീപിൻ്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് വിജിലൻസ് അറിയിച്ചു.



