ബെവ്കോയിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; മദ്യപിച്ച് ലക്കുകെട്ട ജീവനക്കാരും കണക്കിൽപ്പെടാത്ത പണവും

അങ്കമാലിയിലെ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ മദ്യപിച്ച് അവശരായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഔട്ട്ലെറ്റിലെ കണക്കുകളിൽ 22,000 രൂപയുടെ കുറവ് കണ്ടെത്തി. ജീവനക്കാരുടെ പക്കൽ നിന്ന് ഉറവിടം വെളിപ്പെടുത്താത്ത 82,000 രൂപ വിജിലൻസ് പിടിച്ചെടുത്തു. വിവിധ മദ്യ കമ്പനികൾ നൽകിയ അനധികൃത പണമാണിതെന്നാണ് പ്രാഥമിക നിഗമനം. ജോലിസമയത്ത് മദ്യപിച്ച നിലയിൽ കണ്ടെത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തേക്കും.




