മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയ അന്വേഷണസംഘം മണിക്കൂറുകളോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കും മൊഴിയെടുപ്പിനുമായി എത്തിയത്. തന്നിൽ നിന്നും വിജിലൻസ് വിവരങ്ങൾ തേടിയ കാര്യം വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചിട്ടുണ്ട്.

2016-ൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത്, ഗുണഭോക്താക്കളിൽ നിന്ന് ഉയർന്ന പലിശ ഈടാക്കി 15 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് പ്രധാന ആരോപണം. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. ഡോ. എം.എൻ. സോമൻ, കെ.കെ. മഹേശൻ, നജീബ്, ദിലീപ് കുമാർ എന്നിവരും എഫ്.ഐ.ആറിലുണ്ട്.

കേസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആക്ഷേപം ശക്തമായതോടെ, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. നേരത്തെ കേസ് അന്വേഷിച്ചിരുന്ന എസ്. ശശിധരൻ തന്നെ തുടരന്വേഷണത്തിന് നേതൃത്വം നൽകണമെന്നും കോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു.

2003 മുതൽ 2015 വരെയുള്ള കാലയളവിൽ സ്വയംസഹായ സംഘങ്ങൾക്കായി അനുവദിച്ച തുകയിൽ വൻ ക്രമക്കേട് നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ. അച്ചാർ, സോപ്പ് നിർമ്മാണ യൂണിറ്റുകൾ തുടങ്ങിയ ചെറുകിട സംരംഭങ്ങളുടെ പേരിൽ വ്യാജ രേഖകൾ ചമച്ച് വായ്പ തരപ്പെടുത്തിയതായും ആരോപണമുണ്ട്. പലരും തങ്ങളുടെ പേരിൽ വായ്പ എടുത്ത വിവരം അറിയുന്നത് റവന്യൂ റിക്കവറി നോട്ടീസ് ലഭിക്കുമ്പോഴാണ്. ഏകദേശം അയ്യായിരത്തോളം കുടുംബങ്ങൾ ഇത്തരത്തിൽ നിയമനടപടികൾ നേരിടേണ്ടി വന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നുമാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്. എഫ്.ഐ.ആറിൽ പേരുള്ളതുകൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകില്ലെന്നും, വസ്തുതകൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button