ട്രംപ് ഭരണകൂടം ഔദ്യോഗികമായി നോട്ടീസ് പുറത്തിറക്കി.. ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക തീരുവ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ..
ട്രംപ് ഭരണകൂടം ഇന്ത്യക്കെതിരെ ഇറക്കിയ 50 ശതമാനം അധിക തീരുവ (25 ശതമാനം അധിക തീരുവയും 25 ശതമാനം നിലവിലുള്ള തീരുവയും) നടപടിയിൽ മാറ്റമില്ലെന്ന് അറിയിച്ചു. അമേരിക്കൻ നോട്ടീസ് പ്രകാരം, ഈ പുതിയ തീരുവ വ്യാഴാഴ്ച രാവിലെ 9:30 മുതൽ പ്രാബല്യത്തിൽ വരും. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണം. ഇത് അമേരിക്കയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് അവരുടെ വാദം.
എന്നാൽ, അമേരിക്കയുടെ ഈ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാർ അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയ്ക്ക് എവിടെ നിന്ന് എണ്ണ ലഭിക്കുന്നോ അവിടെ നിന്ന് ഇറക്കുമതി ചെയ്യുക എന്നതാണ് ഇന്ത്യയുടെ നയം. ഈ നിലപാട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ താൽപര്യങ്ങൾ, പ്രത്യേകിച്ച് കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ചെറുകിട ഉത്പാദകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകി. അധിക തീരുവ കാരണം സമുദ്രോത്പന്നങ്ങൾ, ടെക്സ്റ്റൈൽസ്, തുകൽ തുടങ്ങിയ മേഖലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു യോഗം ചേരാൻ സാധ്യതയുണ്ട്. കൂടാതെ, ഈ മേഖലകളെ സഹായിക്കാൻ 25000 കോടിയുടെ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, അമേരിക്കൻ നീക്കത്തിനെതിരെ തിരിച്ചടിക്കുന്നതിനെപ്പറ്റി ഇന്ത്യ ആലോചിക്കുന്നുണ്ട്. അധിക തീരുവ പിൻവലിപ്പിക്കാൻ ട്രംപ് ഭരണകൂടത്തെ സ്വാധീനിക്കാൻ ഇന്ത്യ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.