ഉത്തർപ്രദേശിലെ കുട്ടികൾ മലയാളം പഠിക്കും; യുപി പാഠ്യപദ്ധതിയിൽ മലയാളവും ഉൾപ്പെടുത്തി

ഉത്തർപ്രദേശിലെ വൊക്കേഷണൽ കോഴ്സുകളുടെ പാഠ്യപദ്ധതിയിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാഠി, ബംഗാളി തുടങ്ങിയ വിവിധ ദക്ഷിണേന്ത്യൻ, പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തി. വിദ്യാർത്ഥികൾക്ക് ഇനി ഈ ഭാഷകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് പഠിക്കാനുള്ള അവസരമുണ്ടാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ഭാഷാപരമായ അകലം കുറയ്ക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാരണാസിയിൽ നടന്ന കാശി തമിഴ് സംഗമത്തിൽ പ്രസ്താവിച്ചു. ഈ സംരംഭം സാംസ്കാരികപരമായ കൈമാറ്റത്തിനും ദേശീയോദ്ഗ്രഥനത്തിനും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



