തിരുവനന്തപുരം ജവഹർ നഗറിലെ 10 കോടിയുടെ ഭൂമിതട്ടിപ്പ്; രജിസ്ട്രാർ ഉൾപ്പെടെയുള്ളവരുടെ ആസൂത്രിത നീക്കങ്ങൾ പുറത്ത്; യഥാർത്ഥ ഉടമ അമേരിക്കയിൽ

തിരുവനന്തപുരം ജവഹർ നഗറിലെ ഡോറ അസറിയ് ക്രിപ്സ് എന്ന പ്രവാസിയുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള വസ്തുവും വീടും തട്ടിയെടുത്ത കേസിൽ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശാസ്തമംഗലം സബ് രജിസ്ട്രാർ ലക്ഷ്മിയുടെ അറസ്റ്റോടെ, ഉദ്യോഗസ്ഥരും ഭൂമാഫിയയും കൈകോർത്ത വൻ ഗൂഢാലോചനയാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

അമേരിക്കയിലുള്ള ഉടമ ഡോറയ്ക്ക് പകരം അവർക്ക് സാദൃശ്യമുള്ള വസന്ത എന്ന സ്ത്രീയെയും, വളർത്തുമകളായി മെറിൻ എന്ന യുവതിയെയും വ്യാജരേഖകൾ ചമച്ച് സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ വ്യാജ ഉടമകളെ ഹാജരാക്കി ഭൂമി ഇഷ്ടദാനമായി എഴുതി വാങ്ങി. തൊട്ടടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഈ വസ്തു പ്രതിയായ അനിൽ തമ്പിയുടെ ഭാര്യപിതാവിന്റെ പേരിലേക്ക് ഒന്നരക്കോടി രൂപയ്ക്ക് വിലയാധാരം നടത്തി കൈമാറി. തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കാതെ തട്ടിപ്പിന് കൂട്ടുനിന്നു എന്ന് മാത്രമല്ല, പിന്നീട് ഈ പരാതിയിൽ അന്വേഷണം നടത്താൻ ചുമതലപ്പെട്ടതും അറസ്റ്റിലായ സബ് രജിസ്ട്രാർ ലക്ഷ്മിയായിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോർട്ടാണ് ഇവർ നൽകിയത്.

കേസിലെ പ്രധാനികളായ അനന്തപുരി മണികണ്ഠൻ, അനിൽ തമ്പി എന്നിവർ ഒളിവിൽ പോയെങ്കിലും തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്ന് പോലീസ് ഇവരെ പിടികൂടി. മണികണ്ഠനെ ചെന്നൈയിലെ ഹോട്ടലിൽ നിന്നും അനിൽ തമ്പിയെ ഒരു ആശ്രമത്തിൽ നിന്നുമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രേഖകൾ തയ്യാറാക്കാൻ സഹായിച്ച സെയ്ദാലി, സുനിൽ തോമസ് എന്നിവരും ഇതിനോടകം പിടിയിലായിട്ടുണ്ട്.

പണം കൈമാറിയത് മണികണ്ഠന്റെ അക്കൗണ്ട് വഴിയാണെന്നും ആധാരമെഴുത്തുകാരനായ ഇയാളുടെ സഹോദരന്റെ ഐഡി ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടന്നതെന്നും പോലീസ് കണ്ടെത്തി. ഈ കേസിൽ ഇനിയും ഉന്നതതലത്തിലുള്ള വ്യക്തികൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button