തെയ്യത്തിന്റെ വെള്ളാട്ടത്തിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം

നീലേശ്വരം പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പൂമാരുതൻ തെയ്യത്തിന്റെ വെള്ളാട്ടത്തിനിടെ യുവാവിന് ദേഹാസ്വാസ്ഥ്യം. തെയ്യം കെട്ടിയാടുന്നതിനിടയിൽ തെയ്യത്തിന്റെ കൈവശമുണ്ടായിരുന്ന പരിചയുടെ ‘തട്ട്’ ഏറ്റതിനെത്തുടർന്നാണ് നീലേശ്വരം സ്വദേശിയായ മനു ബോധരഹിതനായി വീണത്.

വാളും പരിചയുമേന്തി കെട്ടിയാടുന്ന പൂമാരുതൻ തെയ്യത്തിന്റെ തട്ടേറ്റ് യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാഴ്ചക്കാർ ഇദ്ദേഹത്തെ എടുത്തുമാറ്റുന്നതും വീഡിയോയിൽ കാണാം. പ്രാഥമിക ചികിത്സ ലഭിച്ചശേഷം മനു നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.

ക്ഷേത്രത്തിലെ ‘തട്ടും വെള്ളാട്ടം’ എന്നറിയപ്പെടുന്ന ഈ ചടങ്ങിന്റെ ഭാഗമായി തെയ്യം ചിലപ്പോൾ കാഴ്ചക്കാരെ പരിച കൊണ്ട് തട്ടിമാറ്റാറുണ്ട്. ഈ സമയങ്ങളിൽ വിശ്വാസികൾ തെയ്യത്തെ ആവേശഭരിതമാക്കാൻ ചുറ്റുംകൂടി ആർപ്പുവിളിക്കാറുണ്ട്. ഇങ്ങനെ കൂട്ടത്തിൽ നിന്ന മനുവിനാണ് തട്ടേറ്റത്. ബോധരഹിതനായെങ്കിലും മറ്റ് ഗുരുതരമായ പരിക്കുകളൊന്നും യുവാവിനില്ലെന്നും തെയ്യം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയതെന്നും ക്ഷേത്രം ഭാരവാഹികൾ പ്രതികരിച്ചു.

Related Articles

Back to top button