കോടികൾ ചെലവിട്ട ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം മുടങ്ങിയത് കത്രികയുടെ പേരിൽ… പി.കെ. കുഞ്ഞാലിക്കുട്ടി മടങ്ങി…

കോടികൾ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടന വേദിയിൽ അപ്രതീക്ഷിത നാണക്കേട്. ഉദ്ഘാടകനായ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നാട മുറിക്കാൻ കത്രിക ലഭ്യമല്ലാത്തതിനെ തുടർന്ന് അദ്ദേഹം ചടങ്ങ് പൂർത്തിയാക്കാതെ മടങ്ങി. ചെമ്മാട്ട് നടന്ന ഈ പരിപാടിയാണ് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചത്. ഉദ്ഘാടനത്തിന്റെ പ്രചാരണത്തിനും ഒരുക്കങ്ങൾക്കുമായി ലക്ഷങ്ങളാണ് സംഘാടകർ ചെലവഴിച്ചത്. വിവിധ പത്രങ്ങളിൽ പരസ്യം നൽകിയും അനൗൺസ്മെൻ്റുകൾ നടത്തിയും വലിയ തോതിലുള്ള പ്രചരണമാണ് നടത്തിയത്. ഗാനമേള ഉൾപ്പെടെയുള്ള വിപുലമായ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.

ഉദ്ഘാടന പ്രസംഗം പൂർത്തിയാക്കിയ ശേഷം കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായുള്ള റിബൺ മുറിക്കൽ ചടങ്ങിന് കുഞ്ഞാലിക്കുട്ടി എത്തിയപ്പോൾ കൗൺസിലർമാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വേദിയിൽ തിക്കും തിരക്കും കൂട്ടി. ഈ തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടി റിബണിനടുത്ത് എത്തിയപ്പോഴാണ് കത്രിക ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. സംഘാടകർ പരസ്പരം തിരച്ചിൽ നടത്തുകയും കത്രികയ്ക്കായി ഓടിനടക്കുകയും ചെയ്തെങ്കിലും കണ്ടെത്താനായില്ല.

സംഘാടകരുടെ ഈ അനാസ്ഥയിൽ ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി, നാടയ്ക്ക് മുന്നിൽ അൽപനേരം നിന്ന ശേഷം, റിബൺ മുറിക്കാതെ തന്നെ മടങ്ങുകയായിരുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച ഒരു പ്രധാന പദ്ധതിയുടെ ഉദ്ഘാടനം ‘കത്രിക’ എന്ന നിസ്സാരമായൊരു കാരണം കൊണ്ട് മുടങ്ങിയത് നഗരസഭയ്ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Related Articles

Back to top button