മേൽവിലാസവുമായി സാമ്യം.. പോലീസിന് വീട് മാറിപ്പോയി.. മറ്റൊരു വീട്ടിൽ കയറി റെയ്ഡ് നടത്തിയതിന്…

വീട്ടിൽ ലഹരിപദാർത്ഥങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം കേട്ടെത്തിയ പോലീസ് കയറി പരിശോധന നടത്തിയത് ആ വീടിന്റെ മേൽവിലാസവുമായി സാമ്യമുള്ള മറ്റൊരു വീട്ടിലായിരുന്നു. പുതുപ്പാടി പഞ്ചായത്തിലെ കക്കാട് കരികുളത്താണ് സംഭവം. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് റെയ്ഡ് നടത്തിയ താമരശ്ശേരി പോലീസിന് എന്നാൽ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. അതുകഴിഞ്ഞ് ലിസ്റ്റില്‍ ഉള്‍പ്പെട്ട യഥാര്‍ഥ വീട് കണ്ടെത്തി പരിശോധന നടത്തിയെങ്കിലും അവിടെനിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്താനുമായില്ല.

നാട്ടില്‍ മാന്യമായി ജീവിക്കുന്ന കുടുംബത്തിന് പോലീസ് റെയ്ഡ് മാനക്കേടുണ്ടാക്കിയെന്ന് കാണിച്ച് ആദ്യം പരിശോധന നടന്ന വീടിന്റെ ഗൃഹനാഥന്‍ താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തു. സംഭവം രഹസ്യാന്വേഷണവിഭാഗവും വകുപ്പ് തലത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുതുപ്പാടി കക്കാട് കരികുളം വള്ളിക്കെട്ടുമ്മല്‍ മുസ്തഫയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ വീട് മാറി റെയ്ഡ് നടന്നത്. കക്കാട് പോസ്റ്റ് ഓഫീസിന്റെ തന്നെ പരിധിയിലുള്ള മറ്റൊരു സ്ഥലത്തെ ഇതേ മേല്‍വിലാസമുള്ള വീട്ടിലായിരുന്നു എന്‍ഡിപിഎസ് പരിശോധനയ്ക്കുള്ള വിവരപ്രകാരം റെയ്ഡ് നടത്തേണ്ടിയിരുന്നത്.

എന്നാല്‍, മേല്‍വിലാസത്തിലെ സാമ്യം കാരണം ഒരു എസ്ഐയുടെ നേതൃത്വത്തിലെത്തിയ താമരശ്ശേരി പോലീസ് സംഘം കരികുളം ഭാഗത്തെ വീട്ടിലാണ് മാറിക്കയറിയത്. കൈമാറിക്കിട്ടിയ വിവരം ഉറപ്പുവരുത്താതെയും തങ്ങളുടെ എതിര്‍പ്പ് പരിഗണിക്കാതെയും റെയ്ഡ് നടത്തിയെന്നതാണ് വീട്ടുകാരുടെ പരാതി.

അതേസമയം, മേല്‍വിലാസത്തിലെ പേരിലുള്ള സാമ്യവും സംശയിച്ചയാളുടെ പിതാവിന്റെ പേരിലെ സാമ്യവുമാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് റെയ്ഡ് നടത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം.

Related Articles

Back to top button