കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിയുടെ വാരിയെല്ലിന് പരിക്ക്..
തിരുവനന്തപുരം: ജോലിക്ക് പോവുകയായിരുന്ന ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇടിഞ്ഞാർ മങ്കയം സ്വദേശിയായ ജിതേന്ദ്രനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രൈമൂർ റോഡിലെ മുല്ലച്ചൽ വളവിൽ വെച്ച് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറിൽ പാരിപ്പള്ളിയിലെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന ജിതേന്ദ്രന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഭയന്ന് സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയെങ്കിലും കാട്ടാന പിന്തുടർന്നു. ഓടുന്നതിനിടെ വീണുപോയ ജിതേന്ദ്രന്റെ ശരീരത്തിലൂടെ കാട്ടാന ചവിട്ടി ഓടിപ്പോവുകയായിരുന്നു.
തുടർന്ന്, ഇതുവഴി വന്ന നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പാലോട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ വാരിയെല്ലുകൾക്ക് പരിക്കേറ്റിട്ടുണ്ട്.