‘അമ്മ സത്യം, ഞാൻ അതല്ല ഉദ്ദേശിച്ചത്’; ‘മറ്റേ മോൻ’ വിളിയിൽ വിശദീകരണവുമായി സുരേഷ് ഗോപി

കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെ താൻ നടത്തിയ ‘മറ്റേ മോൻ’ എന്ന പ്രയോഗം ആരെയും അധിക്ഷേപിക്കാനല്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
പ്രസംഗിച്ച സമയത്ത് വ്യക്തിയുടെ പേര് പറയാൻ തോന്നാത്തതിനാലാണ് അങ്ങനെ പ്രയോഗിച്ചത്. അത് ഒരു അധിക്ഷേപമായിരുന്നില്ല. തന്റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നീക്കമായിരിക്കാം ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. “എന്റെ നെഞ്ചത്ത് കൈവെച്ച്, അമ്മ സത്യമായി ഞാൻ പറയുന്നു, നിങ്ങൾ കരുതിയ അർത്ഥത്തിലല്ല ഞാൻ അത് പറഞ്ഞത്,” എന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിൽ എയിംസ് വരുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ 2026-ൽ തന്നെ അത് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും 2027-ഓ 2028-ഓ വരെ സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജനുവരി 14-ന് തൃപ്പൂണിത്തുറയിൽ നടന്ന ബിജെപി യോഗത്തിനിടെയാണ് വിവാദ പ്രസംഗം ഉണ്ടായത്. ഇന്ത്യയിലെ ഡിജിറ്റൽ വിപ്ലവത്തെ പരിഹസിച്ചവരെ വിമർശിക്കുന്നതിനിടയിലാണ് “കേരളത്തിൽ എയിംസ് വരും മറ്റേ മോനെ” എന്ന വാചകം അദ്ദേഹം ഉപയോഗിച്ചത്. കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപനം ഉണ്ടാകാതിരുന്നതോടെ ഈ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
“പുച്ഛിക്കുന്നത് ചിലരുടെ ഡിഎൻഎയുടെ ഭാഗമാണ്. ഡിജിറ്റൽ ഇന്ത്യയെ പരിഹസിച്ചവർക്ക് ഇന്ന് സാധാരണക്കാരായ സ്ത്രീകൾ മറുപടി നൽകുന്നുണ്ട്. അതേപോലെ തന്നെ കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാകും.” – സുരേഷ് ഗോപി.
താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും, അന്നത്തെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം തുടരുകയാണ്.



