തിരുവനന്തപുരം സെൻട്രലിൽ ‘അപ്രതീക്ഷിത താരം’; ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രമുഖ ചലച്ചിത്ര താരം സുധീർ കരമനയെ ഇടത് സ്വതന്ത്രനായി രംഗത്തിറക്കാൻ മുന്നണി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ എംഎൽഎ ആന്റണി രാജുവിന് കോടതി വിധി തിരിച്ചടിയായ സാഹചര്യത്തിലാണ് പുതിയ മുഖത്തെ തേടി സിപിഐഎം നീങ്ങുന്നത്.
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ആന്റണി രാജുവിന് മത്സരിക്കാൻ തടസ്സമുണ്ടായതോടെയാണ് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വന്നത്. ആന്റണി രാജു നിർദ്ദേശിച്ച ചില പേരുകൾ മുന്നണി നേതൃത്വം തള്ളിയതായാണ് സൂചന. പകരം എല്ലാ വിഭാഗങ്ങൾക്കും സമ്മതനായ ഒരു വ്യക്തി എന്ന നിലയിലാണ് സുധീർ കരമനയുടെ പേര് ഉയർന്നുവന്നത്. സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിൽ സുധീർ കരമനയുടെ കാര്യത്തിൽ ഏകദേശ ധാരണയിൽ എത്തിയതായാണ് വിവരം. നടന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ വിയോജിപ്പുകൾ ഒന്നുമില്ലാത്തതിനാൽ ഇന്നും നാളെയുമായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.
തിരുവനന്തപുരം സെൻട്രൽ നിലനിർത്താൻ ജനസമ്മതിയുള്ള ഒരു സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്ന എൽഡിഎഫ് നിലപാടാണ് സുധീർ കരമനയിലേക്ക് എത്തിയത്.



