കോവിഡ് കഴിഞ്ഞിട്ടും പേടി മാറിയില്ല.. മാതാപിതാക്കൾ മൂന്ന് മക്കളെ മൂന്ന് വർഷം പൂട്ടിയിട്ട് വളർത്തി..ഒടുവിൽ..

ലോകമെങ്ങും ഭീതി പരത്തിയ കോവിഡിന്റെ മൂന്നാം തരംഗം കഴിഞ്ഞ് നിയന്ത്രണങ്ങൾ നീക്കിയ ശേഷവും മക്കളെ വീടിനകത്ത് പൂട്ടിയിട്ട ദമ്പതികൾ അറസ്റ്റിലായി. സ്പെയിനിൽ മൂന്ന് വർഷത്തോളമായി വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് വളർത്തിയ മൂന്ന് കുട്ടികളെ പോലീസ് രക്ഷിച്ചു. ജർമ്മൻ സ്വദേശികളാണ് 8 വയസ് പ്രായമുള്ള ഇരട്ടകളും 10 വയസ് പ്രായമുള്ള സഹോദരനും. തിങ്കളാഴ്ചയാണ് സ്പെയിനിലെ വടക്ക് പടിഞ്ഞാറൻ മേഖലയിലുള്ള ഒവിഡോയിൽ നിന്ന് മൂന്ന് കുട്ടികളെ പോലീസ് രക്ഷിക്കുന്നത്. വീടിനുള്ളിൽ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്. 2021ന് ശേഷം പുറം ലോകവുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല.

ഇവരുടെ മാതാപിതാക്കൾ തന്നെയാണ് കുട്ടികളെ ഇത്തരത്തിൽ ബന്ധനത്തിൽ വളർത്തിയതെന്നാണ് പോലീസ് വിശദമാക്കുന്നത്. ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ കൊവിഡ് മഹാമാരിക്ക് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാം തരംഗത്തിന് ശേഷവും ഇവർ വീട്ടിൽ തുടരുകയായിരുന്നു. വീടിന് പുറത്തിറങ്ങിയതിന് പിന്നാലെ കുട്ടികൾ ആശ്വാസത്തോടെ ശ്വാസം വലിക്കുന്നത് കാണാനായെന്നാണ് രക്ഷാപ്രവർത്തനത്തിൽ നേതൃത്വം നൽകിയ പോലീസ് വിശദമാക്കുന്നത്. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോലും വീട്ടിൽ നിന്ന് ആരും പുറത്തിറങ്ങിയിരുന്നില്ല. പ്ലാസ്റ്റിക്കും കൊറിയർ കവറുകളും നിറഞ്ഞ വീട്ടിൽ വളരെ മോശം സാഹചര്യത്തിലായിരുന്നു കുട്ടികൾ കഴിഞ്ഞിരുന്നത്. ചെറിയ കിടക്കയിൽ ലഭിച്ച ക്രെയോൺസുകൾകൊണ്ട് കുട്ടികൾ കുത്തി വരച്ച ചിത്രങ്ങൾ ഇവർ നേരിട്ട ഭീതി വിശദമാക്കുന്നതാണെന്നാണ് മാനസികാരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.

പ്രദേശത്ത് വൈദ്യുതി നിലച്ച സമയത്താണ് പോലീസ് വീട്ടിൽ റെയ്ഡിനെത്തിയത്. എന്നാൽ പൊലീസ് സംഘം മാസ്ക് ധരിക്കാതെ വീടിന് അകത്ത് കയറ്റില്ലെന്നായിരുന്നു മാതാപിതാക്കളുടെ നിലപാട്. വീടിന് പുറത്തേക്ക് മാസ്ക് ധരിച്ച് ഇറങ്ങിയ കുട്ടികൾ ആശ്വാസത്തോടെ മണ്ണിലിറങ്ങി പുല്ലിൽ തൊട്ട് നോക്കുന്നതായ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 53കാരനായ ജർമൻ സ്വദേശിയും 48കാരിയായ ജർമൻ അമേരിക്കൻ സ്വദേശിയുമാണ് ഇവരുടെ രക്ഷിതാക്കൾ. ഗാർഹിക പീഡനം, കുട്ടികളെ അലക്ഷ്യമായി കൈകാര്യം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊവിഡ് സിൻഡ്രോമെന്ന് മാനസിക അവസ്ഥയാണ് കുട്ടികളുടെ രക്ഷിതാക്കൾ നേരിടുന്നതെന്നാണ് പോലീസ് വിശദമാക്കുന്നത്. കുട്ടികൾ സ്കൂളിലേക്ക് പോവുന്നത് കാണാതെ വന്നതോടെയാണ് അയൽവാസികൾ വീട്ടുകാരേക്കുറിച്ചുള്ള സംശയം പോലീസിന് കൈമാറിയത്.

Related Articles

Back to top button