വക്കാലത്ത് ആരും ഏറ്റെടുത്തില്ല, ഇന്ന് സ്വയം വക്കീലായി; തിരിച്ചടികൾക്ക് സിസ്റ്റർ ലൂസി കളപ്പുരയുടെ മറുപടി

വർഷങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്കും സഭയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾക്കും ശേഷം സിസ്റ്റർ ലൂസി കളപ്പുര പുതിയൊരു ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നു. 60-ാം വയസ്സിൽ കേരള ഹൈക്കോടതി ബാർ കൗൺസിലിൽ അഭിഭാഷകയായി അവർ ശനിയാഴ്ച എൻറോൾ ചെയ്തു. ജസ്റ്റിസ് എൻ. നാഗരേഷ് ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സർട്ടിഫിക്കറ്റ് വിതരണം.

ഗണിതശാസ്ത്ര അധ്യാപികയായി വിരമിച്ച ശേഷം 2022-ലാണ് ലൂസി കളപ്പുര നിയമപഠനം ആരംഭിച്ചത്. എറണാകുളം ശ്രീനാരായണ ലോ കോളേജിൽ നിന്നാണ് അവർ ബിരുദം പൂർത്തിയാക്കിയത്. തന്റെ കേസുകളിൽ അഭിഭാഷകർ പിന്മാറിയ ഘട്ടത്തിൽ കോടതിയിൽ നേരിട്ട് വാദിക്കേണ്ടി വന്ന അനുഭവമാണ് നിയമം ഗൗരവമായി പഠിക്കാൻ അവർക്ക് പ്രേരണയായത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരങ്ങളിൽ പങ്കെടുത്തതാണ് സഭയുമായുള്ള ഇവരുടെ അകൽച്ച വർദ്ധിപ്പിച്ചത്. കവിത എഴുതിയതും കാർ വാങ്ങിയതും സമരങ്ങളിൽ പങ്കെടുത്തതും ചൂണ്ടിക്കാട്ടി 2019-ൽ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഇവരെ പുറത്താക്കി. ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിലൂടെ സഭയ്ക്കുള്ളിലെ അപ്രിയ സത്യങ്ങൾ അവർ തുറന്നുപറഞ്ഞു.
നീതി നിഷേധിക്കപ്പെടുന്ന സ്ത്രീകൾക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എൻറോൾമെന്റിന് ശേഷം അവർ വ്യക്തമാക്കി.

Related Articles

Back to top button