‘എന്റെ മകന്‍റെ കൊലയാളികൾ ആ കോളേജിൽ പരീക്ഷ എഴുതാനെത്തി… കൊലപാതകം ചെയ്തിട്ടും അവർ പുറത്തിറങ്ങി’….

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് വാർത്തകൾക്ക് പിന്നാലെ സംഭവത്തിൽ പ്രതീകരണവുമായി പൂക്കോട് വെറ്ററിനറി കോളേജില്‍ 2024 ഫെബ്രുവരിയില്‍ റാഗിങ് നേരിട്ട് മരിച്ച സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ്. വാര്‍ത്ത കേള്‍ക്കുമ്പോള്‍ സിദ്ധാര്‍ത്ഥനെയാണ് ഓർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തോടെ ഇനിയൊരു കുട്ടിക്കും ഇത്തരം ദുരനുഭവം വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീണ്ടും റാഗിങ് പൂര്‍ണശക്തിയില്‍ തിരിച്ചെത്തിയെന്നും ജയപ്രകാശ് പറഞ്ഞു.

സിദ്ധാര്‍ത്ഥിനെ കൊന്ന കൊലയാളികള്‍ ഉടന്‍ തന്നെ അതേ കോളേജില്‍ എക്‌സാം എഴുതാനെത്തി. അവര്‍ പല വിധികളും വാങ്ങിയെടുത്ത്‌ ജാമ്യം കിട്ടി പുറത്തിറങ്ങി. അതായത് ക്രൂരമായ കൊലപാതകം ചെയ്തിട്ട് പോലും അവര്‍ പുറത്തിറങ്ങിയല്ലോ, അവര്‍ക്ക് ഒരു കുഴപ്പവുമില്ല- ജയപ്രകാശ് പറഞ്ഞു

വാര്‍ഡന്‍ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്നും ജയപ്രകാശ് പറഞ്ഞു. മൂന്ന് ദിവസം തുടര്‍ച്ചയായി ഇത്തരം അക്രമണം നടത്തുമ്പോള്‍ അവിടെത്തെ വാര്‍ഡന്‍ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നത് സമ്മതിക്കാന്‍ പറ്റില്ല. രണ്ട് കേസും സമാനമാണ്. കൊലപാതകം മാത്രം നടന്നിട്ടില്ലെന്ന വ്യത്യാസം മാത്രമേയുള്ളു. എസ്എഫ്‌ഐ എന്നു പറഞ്ഞ തീവ്രവാദി മാവോയിസ്റ്റ് സംഘടന തന്നെയാണ് എന്റെ മകനെ കൊന്നു കൊലവിളിച്ചത്. കോട്ടയത്തും അതേ സംഘടനയിലെ ആളുകളാണ് ഈ ക്രൂരത ചെയ്തത് – ജയപ്രകാശ് പറഞ്ഞു.

2024 ഫെബ്രുവരി 18-നാണ് പൂക്കോട് വെറ്ററിനറി കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ ഡോര്‍മിറ്ററിയുടെ ബാത്ത്‌റൂമില്‍ സിദ്ധാര്‍ഥനെ (21) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. റാഗിങ്വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തില്‍ സിദ്ധാര്‍ഥനെ ഏതാനും സീനിയര്‍ വിദ്യാര്‍ഥികളും സഹപാഠികളും ചേര്‍ന്ന് 16-നും 17-നും മര്‍ദിച്ചതായി കണ്ടെത്തിയിരുന്നു.ഫെബ്രുവരി 15-ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് പുറപ്പെട്ട സിദ്ധാര്‍ഥനെ 13-ാം പ്രതിയായ വിദ്യാര്‍ഥി ഫോണില്‍ വിളിച്ച് ഹോസ്റ്റലിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. സിദ്ധാര്‍ഥനും സഹപാഠിയായ പെണ്‍കുട്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെട്ടത്.

16-ന് കോളേജിലെത്തിയ സിദ്ധാര്‍ഥനെ വിദ്യാര്‍ഥികള്‍ രാത്രി ചോദ്യംചെയ്ത് മര്‍ദിച്ചു. പിന്നീട് രാത്രി ഹോസ്റ്റല്‍മുറിയില്‍വെച്ചായിരുന്നു ക്രൂരമര്‍ദനം നേരിട്ടത്. 17-ാം തീയതിവരെ മര്‍ദനവും ചോദ്യംചെയ്യലും തുടര്‍ന്നു.17-ന് സിദ്ധാര്‍ഥന്‍ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. 18-ന് ഉച്ചയ്ക്ക് സിദ്ധാര്‍ഥന്‍ ഡോര്‍മിറ്ററിയുടെ ബാത്ത്‌റൂമിന്റെ ഭാഗത്തേക്കുപോയി. ബാത്ത്റൂമിന്റെ വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ സിദ്ധാര്‍ഥനെ തൂങ്ങിയനിലയില്‍ കാണുകയായിരുന്നുവെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button