സിക്സറുകളിൽ ‘സൂപ്പർമാൻ’ സഞ്ജു; രോഹിത്തിൻ്റെ റെക്കോർഡ് പഴങ്കഥയായി, വാംഖഡെയിൽ തകർന്നത് നിരവധി റെക്കോർഡുകൾ!

ടി20 ലോകകപ്പിൽ സിക്സറുകൾ കൊണ്ട് വിസ്മയം തീർത്ത് മലയാളി താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിനെതിരായ ആവേശകരമായ സെമി ഫൈനലിൽ 42 പന്തിൽ നിന്ന് 89 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ഏഴ് തവണയാണ് പന്ത് അതിർത്തി കടത്തിയത്. ഈ മിന്നും പ്രകടനത്തോടെ നടപ്പു ലോകകപ്പിലെ ഇന്ത്യയുടെ ‘സിക്സർ കിംഗ്’ എന്ന കിരീടം സഞ്ജു സ്വന്തമാക്കി. വെറും നാല് മത്സരങ്ങളിൽ നിന്ന് 16 സിക്സറുകളാണ് താരം ഇതുവരെ പറത്തിയത്.

ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരം എന്ന രോഹിത് ശർമ്മയുടെ റെക്കോർഡും (15 സിക്സുകൾ) സഞ്ജു മറികടന്നു. ഈ ലോകകപ്പിൽ 15 സിക്സുകൾ പറത്തിയ ശിവം ദുബെ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്. ഈ ലോകകപ്പിൽ 14 സിക്സുകൾ വീതം പറത്തിയ ഇഷാൻ കിഷനും ഹാർദ്ദിക് പാണ്ഡ്യയുമാണ് സ‍ഞ്ജുവിനും രോഹിത്തിനും ദുബെയ്ക്കും പിന്നിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ. 2007ലെ ടി20 ആദ്യ ടി20 ലോകകപ്പിൽ 12 സിക്സുകൾ പറത്തിയ യുവരാജ് സിംഗിനെയും സഞ്ജു ഇന്ന് പിന്നിലാക്കി.

ഇംഗ്ലണ്ടിനെതിരായ സെമിയിൽ ആകെ 19 സിക്സുകൾ പറത്തിയ ഇന്ത്യ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന ടീമെന്ന റെക്കോർഡിനൊപ്പമെത്തി. ഈ ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ വെസ്റ്റ് ഇൻഡീസും 2014ലെ ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ നെതർലൻഡ്സും 19 സിക്സ് വീതം പറത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ 17 സിക്സുകൾ അടിച്ചതിൻറെ റെക്കോർഡാണ് വാംഖഡെയിൽ ഇന്ത്യ തിരുത്തിയെഴുതിയത്.

ഇംഗ്ലണ്ടിനെതിരെ ആകെ 19 സിക്സും 17 ഫോറും പറത്തിയ ഇന്ത്യ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന രണ്ടാമത്തെ ടീമെന്ന റെക്കോർഡും സ്വന്തമാക്കി. 2007ലെ ടി20 ലോകകപ്പിൽ കെനിയക്കെതിരെ ശ്രീലങ്ക 30 ഫോറും 11 സിക്സും പറത്തിയ 41 ബൗണ്ടറികൾ നേടിയതാണ് റെക്കോർഡ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ പറത്തിയ ടീമെന്ന റെക്കോർഡും ഇന്ത്യയുടെ പേരിലാണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ ടീം ടോട്ടലാണ് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ 253 റൺസ്. ടി20 ക്രിക്കറ്റിൽ നാലാം തവണ 250 കടന്ന ഇന്ത്യ ഏറ്റവും കൂടുതൽ തവണ 250 കടക്കുന്ന ടീമെന്ന റെക്കോർഡും സ്വന്തമാക്കി.

Related Articles

Back to top button