പ്രധാന പാളികളിൽ നിന്ന് 577 ഗ്രാമും സൈഡിലെ പാളിയിൽ നിന്ന് 409 ഗ്രാമും വേർതിരിച്ചു… സ്മാർട്ട് ക്രിയേഷൻസിൽ… നിർണ്ണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). പ്രതികളായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ വെച്ച് ഏകദേശം ഒരു കിലോയോളം സ്വർണ്ണമാണ് വേർതിരിച്ചെടുത്തതെന്ന് കണ്ടെത്തി.
14 പാളികളിൽ നിന്നായി 577 ഗ്രാമും, സൈഡ് പാളികളിൽ നിന്ന് 409 ഗ്രാമും ഉൾപ്പെടെ വൻതോതിൽ സ്വർണ്ണം വേർതിരിച്ചെടുത്തു. വേർതിരിച്ചെടുത്ത സ്വർണ്ണത്തിൽ 474 ഗ്രാം ഗോവർധനെ ഏൽപ്പിച്ചു. പണിക്കൂലിയായി സ്മാർട്ട് ക്രിയേഷൻസ് 96 ഗ്രാം സ്വർണ്ണം കൈപ്പറ്റി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സ്വർണ്ണത്തിന്റെ അളവ് രേഖപ്പെടുത്തിയ രേഖകൾ നശിപ്പിക്കാൻ പങ്കജ് ഭണ്ഡാരി ശ്രമിച്ചെങ്കിലും, നിർണ്ണായകമായ മറ്റു തെളിവുകൾ SIT കണ്ടെടുത്തു.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണ്ണം ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയത്. ശില്പങ്ങളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കാൻ പങ്കജ് ഭണ്ഡാരി നേരിട്ട് സഹായം നൽകിയതായും, ഇത് ശബരിമലയിൽ നിന്നുള്ളതാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഗോവർധൻ സ്വർണ്ണം സൂക്ഷിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.



