വനപാതയിൽ ഭീതിവിതച്ച് മഞ്ഞകൊമ്പൻ; മലക്കപ്പാറ റോഡിൽ കാർ തടഞ്ഞു; സഞ്ചാരികൾ..

അതിരപ്പിള്ളി-മലക്കപ്പാറ വനപാതയിൽ കാട്ടാനയുടെ സാന്നിധ്യം വിനോദസഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30-ഓടെ ചൂഴിമേട് ഭാഗത്ത് വെച്ച് ‘മഞ്ഞകൊമ്പൻ’ എന്നറിയപ്പെടുന്ന ആന വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തടഞ്ഞു. യാത്രക്കാർ പെട്ടെന്ന് വാഹനം പിന്നോട്ട് എടുത്തതിനാൽ തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.

ആന ഇപ്പോൾ മദപ്പാടിലാണെന്നും അതുകൊണ്ട് തന്നെ സ്വഭാവത്തിൽ വൻ മാറ്റമുണ്ടാകുമെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി മദപ്പാട് സമയത്ത് വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ഈ കൊമ്പനെ കാണാറുള്ളത്. വെറുമൊരു കാട്ടാനയല്ല മഞ്ഞകൊമ്പൻ. വർഷങ്ങൾക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും, അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് ഒരു കുട്ടിയെയും കൊലപ്പെടുത്തിയത് ഇതേ കൊമ്പനായിരുന്നു. അന്നും മദപ്പാട് കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്.

റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് മഞ്ഞകൊമ്പന്റെ പതിവ് വിനോദമാണ്. മദപ്പാട് കഴിഞ്ഞാൽ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലേക്കാണ് ഈ കൊമ്പൻ മടങ്ങാറുള്ളത്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. ആനയെ കണ്ടാൽ ഹോൺ അടിക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല. മദപ്പാടിലുള്ള ആനയായതിനാൽ പ്രവചനാതീതമായ നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button