ഈസ്റ്റർ വിരുന്നിന് വില്ലനായി വില; ഇറച്ചിക്ക് ഒറ്റയടിക്ക് നൂറ് കൂട്ടി 500 ആക്കി; മണർകാട് കട അടപ്പിച്ചു

ഈസ്റ്റർ ആഘോഷങ്ങൾക്കൊരുങ്ങുന്ന ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് ഇറച്ചി വിലയിൽ വൻ വർധനവ്. ഒറ്റ രാത്രി കൊണ്ട് കിലോയ്ക്ക് നൂറ് രൂപയിലധികമാണ് വർധിച്ചത്. കോട്ടയം മണർകാട് അമിതവില ഈടാക്കിയതിനെച്ചൊല്ലി സംഘർഷാവസ്ഥ ഉടലെടുക്കുകയും പ്രതിഷേധത്തെത്തുടർന്ന് കട അടപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസംവരെ 400 രൂപയായിരുന്ന പോത്തിറച്ചിക്ക് ഇന്ന് 500 രൂപ വരെ ഈടാക്കുന്നതായാണ് പരാതി. വിവിധ സ്ഥലങ്ങളിൽ വിവിധ വിലയാണ് ഈടാക്കുന്നത്. താറാവിനു 400 രൂപയും നാടൻ കോഴിക്ക് 300 രൂപയുമായിരുന്നു വില.
ഇതിനിടെ കോട്ടയം മണർകാട് പ്രതിഷേധത്തെ തുടർന്ന് ഇറച്ചിക്കച്ചവടം നിർത്തി. അമിത വില ഈടാക്കിയതിനെ തുടർന്ന് നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തിയ പ്രതിഷേധത്തിനൊടുവിൽ കട അടപ്പിക്കുകയായിരുന്നു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പിന്നാലെ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച യൂദാ മീറ്റ്സ് എന്ന സ്ഥാപനം അടച്ചുപൂട്ടാൻ മണർകാട് പഞ്ചായത്ത് നോട്ടീസ് നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വില വർധിപ്പിച്ചതായാണ് വിവരം. തൃശൂർ, എറണാകുളം ജില്ലകളിൽ ഉൾപ്പെടെ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.



