പ്രതിപക്ഷനേതാവിനെ കാണേണ്ടെന്ന് വിദേശനേതാക്കളോട് ആവശ്യപ്പെടുന്നു; കേന്ദ്രസർക്കാരിന് അരക്ഷിതാവസ്ഥയെന്ന് രാഹുൽ ഗാന്ധി

വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഇന്ത്യയിൽ എത്തുമ്പോൾ പ്രതിപക്ഷനേതാവിനെ സന്ദർശിക്കരുതെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് അവരുടെ അരക്ഷിതാവസ്ഥയുടെ സൂചനയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിൽ കാലുകുത്തുന്നതിന് തൊട്ടുമുമ്പായിരുന്നു രാഹുലിന്റെ ഈ വിമർശനം. എങ്കിലും, അദ്ദേഹം പുടിന്റെ പേര് പരാമർശിച്ചില്ല.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതർ എത്തുമ്പോൾ ലോക്‌സഭയിലെ പ്രതിപക്ഷനേതാവുമായി കൂടിക്കാഴ്ച നടത്തുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന കീഴ് വഴക്കമാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരും വിദേശകാര്യ മന്ത്രാലയവും ഈ രീതി മനഃപൂർവം ഒഴിവാക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. തങ്ങളും ഇന്ത്യയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഈ ആരോപണങ്ങൾ തികഞ്ഞ കള്ളമാണെന്ന് ബിജെപി വക്താവ് അനിൽ ബലൂനി പ്രതികരിച്ചു. വിദേശ നേതാവിന്റെ സംഘം മുന്നോട്ട് വെക്കുന്ന സൗകര്യങ്ങളെ ആശ്രയിച്ചാണ് ഇത്തരം കൂടിക്കാഴ്ചകൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കഴിഞ്ഞ ഒന്നര വർഷത്തിനിടെ രാഹുൽ ഗാന്ധി അഞ്ച് വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും, ഇതിന്റെയെല്ലാം ചിത്രങ്ങൾ സത്യം വിളിച്ചുപറയുമെന്നും ബലൂനി ‘എക്സി’ലൂടെ (പഴയ ട്വിറ്റർ) കുറിച്ചു.



