സന്ദീപ് വാര്യർ ഉൾപ്പെടെ 17 പേർക്കെതിരെ കേസ്…
പത്തനംതിട്ട ദേവസ്വം ബോർഡ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഉൾപ്പെടെ 17 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
സന്ദീപ് വാര്യർ ആണ് കേസിൽ ഒന്നാം പ്രതി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ രണ്ടാം പ്രതിയും, സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയുമാണ്. പൊതുമുതൽ നശിപ്പിച്ചു എന്ന വകുപ്പും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. സന്ദീപ് വാര്യരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി.
ഉദ്ഘാടന പ്രസംഗത്തിനുശേഷം പ്രവർത്തകർ നിയന്ത്രണം വിട്ട് അക്രമാസക്തരാകുകയായിരുന്നു. പ്രവർത്തകരെ തടയുന്നതിനായി പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും, പ്രതിഷേധക്കാർ അത് മറികടന്ന് ഓഫീസിന് മുന്നിലേക്ക് എത്തി.
ആദ്യം ഓഫീസിന് മുന്നിൽ തേങ്ങ ഉടയ്ക്കുക എന്നതായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യം. എന്നാൽ, പ്രവർത്തകർ തേങ്ങ ഓഫീസിന് നേർക്ക് വലിച്ചെറിയുകയും, തേങ്ങ തീർന്നപ്പോൾ നിലത്തുണ്ടായിരുന്ന കല്ലുകൾ പോലും വലിച്ചെറിയുകയും ചെയ്തു. ഈ സമയത്ത് പോലീസും പ്രവർത്തകരും തമ്മിൽ വലിയ ഉന്തും തള്ളുമുണ്ടായി.
സംഘർഷത്തെ തുടർന്ന് ചില പ്രവർത്തകരെ പോലീസ് വാഹനത്തിലേക്ക് കയറ്റിയെങ്കിലും, ശക്തമായ പ്രതിരോധം കാരണം പോലീസിന് ഇവരെ വിട്ടയയ്‌ക്കേണ്ടി വന്നു. പ്രതിഷേധം തടയുന്നതിനിടെ പോലീസ് തന്നെ ലാത്തി ഉപയോഗിച്ച് കുത്തുകയും അടിക്കുകയും ചെയ്തതായി സന്ദീപ് വാര്യർ ആരോപിക്കുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുമുതൽ നശിപ്പിച്ചതിനും സംഘർഷം സൃഷ്ടിച്ചതിനും പോലീസ് ഇപ്പോൾ 17 യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.