ചിത്രപ്രിയ വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു

മലയാറ്റൂർ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ സുഹൃത്തായ അലനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാലടി പോലീസ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ 200 പേജുകളുള്ള റിപ്പോർട്ടിൽ, പ്രതി അലൻ കൃത്യമായ പ്ലാനിംഗിലൂടെയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കുന്നു. മലയാറ്റൂരിലെ പത്തൊൻപത് കാരി ചിത്രപ്രിയയെ കഴിഞ്ഞ ഡിസംബർ ഒമ്പതിനാണ് നക്ഷത്ര തടാകത്തിനടത്തുള്ള ഒഴിഞ്ഞ പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വീട്ടിൽ നിന്ന് നാല് ദിവസം മുൻപ് കാണാതായ ചിത്രപ്രിയയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. സംഭവത്തിൽ ചിത്രപ്രിയയുടെ ആൺ സുഹൃത്തായ കാലടി സ്വദേശി അലനെ ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പൊലീസ് പിന്നീട് വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിനിയായിരുന്ന ചിത്രപ്രിയയും അലനും നേരത്തെ സുഹൃത്തുക്കളായിരുന്നു.

പിന്നീട് അലൻറെ ശല്യം സഹിക്കാതെ മാറ്റിനിർത്തിയെങ്കിലും അലൻ ചിത്രപ്രിയയെ വിടാതെ പിന്തുടർന്നു. ഒടുവിൽ നാട്ടിലെത്തിയപ്പോൾ ആസൂത്രിതമായി മലയാറ്റൂർ നക്ഷത്ര തടാകത്തിനടുത്ത് എത്തിച്ച് കൊല്ലുകയായിരുന്നു എന്നാണ് കുറ്റപത്രം. മരണം ഉറപ്പാക്കിയ ശേഷം അലൻ കടന്നുകളഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നും പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായി നടത്തിയ കൊലയെന്നും പൊലീസ്. ഇരുന്നൂറ് പേജുള്ള കുറ്റപത്രത്തിൽ 167 സാക്ഷികളാണുള്ളത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം എറണാകുളം സെഷൻസ് കോടതിയിലേക്ക് കൈമാറി.

Related Articles

Back to top button