പ്രാവിന്റെ കാലിൽ ‘സമയമായി’ എന്ന കുറിപ്പ്.. പരിശോധിച്ചപ്പോൾ…റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കി..
ജമ്മു റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരു കുറിപ്പ് ഒരു പ്രാവിൻ്റെ കാലിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ആർഎസ് പുര അതിർത്തിയിൽ നിന്ന് സുരക്ഷാ സേനയാണ് ഈ പ്രാവിനെ പിടികൂടിയത്. പാകിസ്ഥാനിൽ നിന്ന് വന്നതാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18-ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിർത്തിയിലെ കട്മാരിയയിൽ വെച്ച് കണ്ടെത്തിയത്.
പ്രാവിൻ്റെ കാലിൽ കെട്ടിയ കടലാസിൽ, ‘കശ്മീരിന് സ്വാതന്ത്ര്യമാകാനുള്ള സമയമായി, ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബിട്ട് തകർക്കും’ എന്ന് ഉറുദുവിലും ഇംഗ്ലീഷിലും എഴുതിയിരുന്നു. ഈ ഭീഷണി സന്ദേശത്തെ തുടർന്ന് ജമ്മു റെയിൽവേ സ്റ്റേഷനിലും പരിസരത്തും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഡോഗ് സ്ക്വാഡുകളും ബോംബ് സ്ക്വാഡുകളും ഉൾപ്പെടെയുള്ള സുരക്ഷാ സേനയെ ഇവിടെ വിന്യസിച്ചിരിക്കുകയാണ്. ഇത് വ്യാജ ഭീഷണിയാണോ അതോ ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സുരക്ഷാ ഏജൻസികൾ അന്വേഷിച്ച് വരികയാണ്. ഏതായാലും, ഭീഷണി ഗൗരവമായി കണക്കിലെടുത്തുകൊണ്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.